സ്ത്രീ വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ ദേശീയ മഹിളാ ഫെഡറേഷന്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ദേശീയ മഹിള ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് കഴിഞ്ഞ ദിവസം നിയമസഭ സ്പീക്കള്‍ പിസി ജോര്‍ജ്ജിനെ ശാസിച്ചത്. കന്യാസ്ത്രീമാര്‍ ജോര്‍ജിനെതിരെ സ്പീകര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2013 ല്‍ കെ ആര്‍ ഗൗരിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോഴും പി സി ജോര്‍ജ്ജിനെ സഭ ശാസിച്ചിരുന്നു. ഒന്നിലധികം തവണ സഭ ശാസന ഏറ്റുവാങ്ങിയ ഒരാള്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു.

പീഡനത്തിനിരയായ കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിസി ജോര്‍ജ്ജ് ഹാജരായിരുന്നില്ല. കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും പിസി ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നിരുന്നു.

Top