തിരുവനന്തപുരം: കേരളത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ ടെസ്റ്റാണ് നടത്തുക എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കുകയും തുടര്‍ന്ന് ഇവരെ കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് ഇതുവരെയായിട്ടും ഫലം കാണുന്നില്ല. മലപ്പുറത്തും പാലക്കാട്ടും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനായി പ്രോട്ടോകോള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, വയനാട് ജില്ലകളില്‍ മലഞ്ചരക്ക് കടകള്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണ സാമഗ്രഹികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവദിക്കും.