കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനു വീണ്ടും നോട്ടീസ്. ഓഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകണം. എബിന്‍ എബ്രഹാമിനെ കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരം.
മുളന്തുരുത്തി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ് എബിന്‍ എബ്രഹാം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തിയാണ് എബിന്‍ എബ്രാഹാം മോന്‍സനെയും മോന്‍സനുമായി ബന്ധമുള്ളവരോടും അടുത്തത്. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ എബിന്‍ എബ്രഹാം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എബിന്‍ എബ്രഹാമിനെ പ്രതി ചേര്‍ത്ത് നേരത്തെ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ നിന്ന് മാത്രം നാല് കോടി രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു.