പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ഏഴ് കോടിയിലധികം വരുന്ന കള്ളപ്പണമാണ് പരാതിക്കാർ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. എന്നാൽ കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വൈ-.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം വാങ്ങിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
അതിനിടെ, കൈക്കൂലി വാങ്ങിയെന്ന പരാതിയിലുള്ള വിജിലൻസ് അന്വേഷണത്തിൽ റസ്റ്റം പ്രതികരിച്ചു. താൻ അന്വേഷണം തുടങ്ങുന്നതിനുമുൻപേ കൈക്കൂലി തന്നുവെന്നാണ് ആരോപണം. പോക്സോ കേസിലെ ഇരയ്ക്ക് പരാതിക്കാരാണ് പണം നൽകിയത്. 10 കോടി മോൻസന് നൽകിയെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ, ബാങ്ക് രേഖയിൽ രണ്ടു കോടി മാത്രമാണ് നൽകിയിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ സഹോദരന് അഞ്ചു ലക്ഷം രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. ഇതു ചോദ്യംചെയ്തതാണു തനിക്കെതിരെയുള്ള കള്ളപ്പരാതിയുടെ കാരണമെന്നും റസ്റ്റം പറഞ്ഞു.