സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Sanusha

തൃശൂര്‍: നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ പറഞ്ഞിരുന്നു. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്നും സനുഷ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി പറഞ്ഞിരുന്നു.

ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അക്രമിയെ സനുഷ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് എറണാകുളം സ്വദേശി രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനുഷ പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സനൂഷ പ്രതികരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് സനൂഷ പ്രതികരിച്ചു. സ്വര്‍ണ്ണപ്പണിക്കാരനാണ് ആന്റോ ബോസ്.

Top