ലോകകപ്പ് ക്വാര്‍ട്ടറില്‍ യുറുഗ്വെയ്‌ക്കെതിരായ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നത് അന്റോണിയോ ഗ്രീസ്മാന്റെ കാലുകളില്‍ നിന്നായിരുന്നു. ലോകകപ്പ് പോലൊരു വേദിയില്‍ ഓരോ ഗോളും ആഘോഷിക്കുകയാണ് താരങ്ങളുടെ പതിവ്. എന്നാല്‍ ഗ്രീസ്മാന്‍ ഒട്ടും സന്തോഷിക്കാതെ മനസുകൊണ്ട് കണ്ണീരൊഴുക്കി തിരികെ നടന്നു. അതിനൊരു കാരണമുണ്ട്.
ഏറ്റവും പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളാണ് യുറുഗ്വെ നിരയിലെ ഡിഗോ ഗോഡിനും ഹൊസെ ഗിമെന്‍സും. അത്‌ലറ്റിക്കോ മാഡ്രിഡിലെ സഹതാരങ്ങള്‍. അത് മാത്രമല്ല, ഗ്രീസ്മാന്റെ മകളുടെ തലതൊട്ടപ്പന്‍ കൂടിയാണ് ഡിഗോ ഗോഡിന്‍. മത്സരത്തിന് മുന്‍പേ യുറുഗ്വെ തന്റെ രണ്ടാം രാജ്യമാണെന്ന് പോലും ഗ്രീസ്മാന്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചതിന് ശേഷവും ആഹ്ലാദപ്രകടനത്തിന് ഗ്രീസ്മാന്‍ നിന്നില്ല.
ഫുട്‌ബോളിലെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഗോഡിന്‍ തനിക്ക് കാട്ടിത്തന്നു. ആ ബഹുമാനത്തോടെ, ഗോള്‍നേട്ടം ആഘോഷിക്കുന്നത് ഉചിതമല്ലെന്നു കരുതി. ഉറുഗ്വെയെയും അവരുടെ സംസ്‌കാരത്തെയും താന്‍ അതിയായി ഇഷ്ടപ്പെടുന്നുവെന്നും മത്സരശേഷം ഗ്രീസ്മാന്‍ പറഞ്ഞു.