ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസിനെ വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങളുള്ള സംഘടന ഐകകണ്‌ഠ്യേനയാണ് ഗുട്ടറസിനെ തിരഞ്ഞെടുത്തത്. ഗുട്ടറസിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 ഓടെ അവസാനിക്കാനിരിക്കെയാണ് വീണ്ടും 5 വര്‍ഷത്തേക്ക് കൂടി അവസരം ലഭിച്ചത്. ഇതനുസരിച്ച് 2022 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ ഗുട്ടറസ് പദവിയില്‍ തുടരും.
യു.എന്‍ അസംബ്ലി പ്രസിഡന്റ് വോള്‍കന്‍ ബോസ്‌കിറാണ് ഗുട്ടറസിനെ തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അന്റോണിയോ ഗുട്ടറസിനെ രണ്ടാം തവണയും ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ മാസം യു.എന്‍ ആസ്ഥാനത്ത് ഗുട്ടറസിനെ സന്ദര്‍ശിച്ചാണ് ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചത്. പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് യു.എന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്യ രാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനും ഗുട്ടറസിന് കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ അറിയിച്ചു.