യുനൈറ്റഡ് നേഷന്‍സ്: ഗസ്സയില്‍ വേണ്ടത് സമ്പൂര്‍ണ വെടിനിര്‍ത്തലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.കൂടുതല്‍ സഹായമെത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഗസ്സയില്‍ എവിടെയും സുരക്ഷിതമായ ഇടമില്ലെന്നും യു.എന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
80 ശതമാനം ഗസ്സ നിവാസികളും വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടു. 45 ശതമാനം വീടുകളും നശിപ്പിക്കപ്പെട്ടു. അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതിനാല്‍ ആയിരങ്ങള്‍ മരിച്ചുവീഴുകയും വ്യാപക നാശമുണ്ടാവുകയും ചെയ്തു. 111 യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി. ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍നാശമാണ്. സിവിലിയന്മാരും യു.എന്‍ ഉദ്യോഗസ്ഥരും സംരക്ഷിക്കപ്പെടണം. സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കരുത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആക്രമണങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ തിരിനാളമായാണ് ഏഴുദിവസത്തെ ഇടവേള ലഭിച്ചത്. വെടിനിര്‍ത്തല്‍ നീട്ടാന്‍ പരിശ്രമം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.