എടികെയുടെ പരിശീലകനായി വീണ്ടും അന്റോണിയോ ഹെബാസ്…

ന്റോണിയോ ഹെബാസ് എടികെയിലേയ്ക്ക് തിരിച്ചെത്തുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹെബാസ് പരിശീലകനായി എടികെയിലേക്കെത്തുന്നത്.

ഉദ്ഘാടന ഐ.എസ്.എല്‍ സീസണില്‍ അന്ന് സ്പാനിഷ് പരിശീലകനായ ഹെബാസിന്റെ കീഴിലാണ് അത്‌ലെറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്ന എ.ടി.കെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. അതിനുശേഷമുള്ള സീസണിലും കൊല്‍ക്കത്ത ക്ലബിനൊപ്പം തുടര്‍ന്ന ഹെബാസ് പിന്നീട് ക്ലബില്‍ നിന്ന് മാറുകയായിരുന്നു. അതിനുശേഷം ഹെബാസ് മറ്റൊരു ഐ.എസ്.എല്‍ ക്ലബായ പൂനെ സിറ്റിയുടെ പരിശീലകനായെങ്കിലും ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ക്ലബ് വിട്ടു.

കൊല്‍ക്കത്ത ടീമില്‍ നിന്ന് ഹെബാസ് പോയതിന് ശേഷം ഒരു തവണ കൂടി ക്ലബ് ഐ.എസ്.എല്‍ കിരീടം നേടി. എന്നാല്‍ ക്ലബിന്റെ തുടര്‍ന്നുള്ള പ്രകടനം വളരെ മോശമായിരുന്നു. ടെഡി ഷെറിങാം, ആഷ്‌ലി വെസ്റ്റ്വുഡ്, സ്റ്റീവ് കോപ്പല്‍ തുടങ്ങിയവരൊക്കെ ടീമിന്റെ പരിശീലകരായി എത്തി എങ്കിലും വീണ്ടും വീണ്ടും ടീമിന്റെ പ്രകടനം വളരെ മോശമായികൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്ത ടീമിനെ വീണ്ടും പഴയ ഫോമിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെബാസിനെ വീണ്ടും ടീമിലേയ്ക്ക് കൊണ്ടുവന്നത്.

Top