ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സിനിമാ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ സന്ദര്‍ശിച്ചു.
നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറും ഇന്ന് ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും നടന്‍ സുധീറുമാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ ആദ്യമെത്തിയത്. പതിനൊന്ന് മണിയോടെ ആലുവ സബ് ജയിലില്‍ പ്രവേശിച്ച ഇവര്‍ 20 മിനിറ്റോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി.
11:20ഓടെ പുറത്തിറങ്ങിയ ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ഇവര്‍ക്കു പിന്നാലെ നിര്‍മാതാവ് എം.എം ഹംസയും ദിലീപുമായി കൂടിക്കാഴ്ച നടത്തി.
ഹംസയ്ക്ക് ശേഷം ദിലീപ് അഭിനയിച്ച ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചു. സിനിമാസീരിയല്‍ നടനും നിര്‍മാതാവുമാണ് അരുണ്‍ ഘോഷ്.
തിരുവോണ ദിനമായ തിങ്കളാഴ്ച നടന്‍ ജയറാമും ദിലീപിന്റെ സുഹൃത്ത് ശരത്തും സബ് ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അടുത്തടുത്ത ദിവസങ്ങളിലായി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ജയിലിലായിട്ട് ഇന്ന് 57 ദിവസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ ആഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.