തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്‌റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായ മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസല്‍, മായം ചേര്‍ന്ന മറ്റ് ഇന്ധനങ്ങള്‍ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്. ഇത്തരം വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങള്‍ പരിശോധിക്കാനും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആദ്യവാരം യോഗം ചേരാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.