കൊല്ലം: ബാര്‍കോഴ ആരോപണത്തെകുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കെ.എം.മാണി തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു.
റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ യു.ഡി.എഫിലും പാര്‍ട്ടിയിലും തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന ഭയം മാണിക്കുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെ. എം. മാണിയുടെ കേരള കോണ്‍ഗ്രസ് ചരിത്ര സ്മാരകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നേതാക്കള്‍ മാണിക്കൊപ്പവും പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പവുമാണ്. ഒന്നര വര്‍ഷമായി ബാര്‍ കോഴയില്‍ കെട്ടിയിടപ്പെട്ട പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം മന്ദീഭവിച്ച് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് മാണി. ഈ മാസം നടത്തേണ്ട സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടിക്കായില്ല.
ഒന്നര വര്‍ഷമായി ഉന്നതാധികാര സമിതി വിളിച്ചുചേര്‍ക്കാതെ ജോസ് കെ. മാണിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ മാണി നടപ്പിലാക്കുകയാണ്. പഴയ ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകരെ മാണി ബോധപൂര്‍വ്വം അവഗണിച്ചപ്പോള്‍ ഇടപെടാന്‍ ഒരിക്കല്‍ പോലും പി.ജെ.ജോസഫിന് കഴിഞ്ഞില്ല.
ജോസ്.കെ.മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസിനെ ബി.ജെ.പി പാളയത്തിലെത്താനാണ് മാണി ശ്രമിച്ചത്. ബാര്‍ കോഴയെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയില്‍ താനും അംഗമായിരുന്നുന്നെങ്കിലും വിവരങ്ങള്‍ പുറത്ത് പറയില്ലെന്നും ആന്റണി രാജു പറഞ്ഞു.