വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ടി വരില്ലെന്ന് മന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹന്‍’ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായ പൂര്‍ണ്ണ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാകും.

വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍ നിന്ന് ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുവാനും അത് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ അത് അപ്‌ലോഡ് ചെയ്യുവാന്‍ ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ആന്റണി രാജു അറിയിച്ചു.

ഇനി വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷന്‍ വിവരങ്ങളെല്ലാം ‘വാഹന്‍’ സൈറ്റില്‍ ലഭ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങള്‍ ‘വാഹന്‍’ സൈറ്റില്‍ നല്‍കും. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സംസ്ഥാന ബാങ്കേഴ്‌സ് സമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഒരുമാസത്തിനുള്ളില്‍ വാഹനങ്ങളുടെ വായ്പ വിവരങ്ങള്‍ ‘വാഹന്‍’ വെബ് സൈറ്റില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Top