കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം അടുത്തമാസം നടപ്പിലാക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം അടുത്തമാസം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയിലൂടെ ലാഭമുണ്ടാക്കുകയല്ല, യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ നികുതി ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ബസ്സുകളുടെ മെയ് 31 ന് അവസാനിക്കുന്ന പാദത്തിലെ നികുതി ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കൂടാതെ സംസ്ഥാനത്തെ ആര്‍ടിഒ സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോലി നഷ്ടപ്പെട്ട എം പാനല്‍ ജീവനക്കാരോട് മുന്‍ഗണന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എം പാനല്‍ ജീവനക്കാര്‍ക്ക് കെ സ്വിഫ്റ്റിലെ ജോലിക്ക് മുന്‍ഗണന നല്‍കും. എഎംവിഐ തസ്തികയിലെ ഒഴിവ് ഉടന്‍ നികത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ 2016 ന് ശേഷം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചിട്ടില്ല. പ്രതിമാസം 20 കോടി അധിക ബാധ്യത ഉണ്ടാകുമെങ്കിലും അടുത്ത മാസം തന്നെ ശമ്പളപരിഷ്‌കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കും. പെന്‍ഷന്‍കാര്‍ക്ക് 500 രൂപ പ്രതിമാസം അധിക സാഹായമായി അനുവദിച്ചിട്ടുണ്ട്.

പെന്‍ഷന്‍ മുടങ്ങില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആന്റണി രാജു അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഫണ്ട് തിരിമറിയില്‍ വിട്ടുവീഴ്ചയില്ലെന്നും അങ്ങനെ ഉണ്ടായാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പ്രതികരിച്ചു.

Top