അപ്പനാണ്, ഓട്ടോ ഡ്രൈവറാണ്; തൊഴിലാളി ദിനാശംസകള്‍ നേര്‍ന്ന് ആന്റണി വര്‍ഗീസ്

യുവതാരങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആന്റണി വര്‍ഗീസ്. അഭിനയത്തിനൊപ്പം തന്‍മയത്തമുള്ള പെരുമാറ്റത്തിലൂടെ കൂടിയാണ് ആന്റണി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചത്. ഇപ്പോള്‍ ഇതാ ലോക തൊഴിലാളി ദിനത്തിലും ഒരു താര ജാഡയുമില്ലാതെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍.

ഓട്ടോ ഡ്രൈവറായ തന്റെ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ആന്റണി വര്‍ഗീസ് തന്റെ തൊഴിലാളി ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാവല്‍ മാലാഖ എന്ന സ്വന്തം ഓട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അച്ഛന്റെ ചിത്രത്തോടൊപ്പമായിരുന്നു ആന്റണി ആശംസയര്‍പ്പിച്ചത്.

‘തൊഴിലാളിദിനാശംസകള്‍.. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ..’- ചിത്രത്തിനൊപ്പം ആന്റണി വര്‍ഗീസ് കുറിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ആന്റണി വര്‍ഗീസിന്റെ സിനിമാ പ്രവേശം. തുടര്‍ന്ന് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ആന്റണി ലിജോ ജോസിന്റെ അടുത്ത സിനിമയായ ജല്ലിക്കെട്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

Top