തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. ആന്ധ്രാപ്രദേശ് ദമ്പതികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ഇന്നലെ ഏറ്റുവാങ്ങി. കേരളത്തില്‍ എത്തിച്ചാല്‍ കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കായിരിക്കും. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്. ഫലം അനുകൂലമായാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും. കുഞ്ഞിനെ ലഭിച്ചാല്‍ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം.
അതേസമയം, ദത്ത് ലൈസന്‍സ് സമര്‍പ്പിക്കാത്തതിന് തിരുവനന്തപുരം കുടുംബകോടതി ശിശുക്ഷേമസമിതിയെ വിമര്‍ശിച്ചു. ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നവംബര്‍ 29 വരെ സമയം വേണമെന്ന് ശിശുസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.