തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ ശിശുഭവനിലെത്തി അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കണ്ടതിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നു. എന്നാലും ഇവിടെ ഉപേക്ഷിച്ച് പോകാനാവില്ലല്ലോ എന്നും അനുപമ പറഞ്ഞു. അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സർക്കാറെന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
കുഞ്ഞ് അനുപമയുടെത് എന്ന് ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് പ്രധാനം. ദത്ത് നൽകലിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ, അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്.