തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂര്‍ക്കട പൊലീസിലാണ് ഇരുവരും പരാതി നല്‍കിയിട്ടുള്ളത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ഇതു ചോദ്യം ചെയ്ത അച്ഛന്‍ ജയിലില്‍ പോകുക എന്നിങ്ങനെയായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍.
‘ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റേയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.”- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.