ആന്ധ്രാ ദമ്പതികളോട് തീര്‍ത്താല്‍ തീരാത്തത്ര നന്ദിയെന്ന് അനുപമ

തിരുവനന്തപുരം: മൂന്ന് മാസത്തോളം തന്റെ കുഞ്ഞിന് സംരക്ഷണമൊരുക്കിയ ആന്ധ്ര ദമ്പതികള്‍ക്ക് നന്ദിയറിയിച്ച അനുപമ. കുഞ്ഞിന് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ.

മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഢംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.

അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിനെ താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരും. കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സമര രീതി മാറ്റുമെന്നും അനുപമ വ്യക്തമാക്കി.

ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരുന്നു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.

Top