തിരുവനന്തപുരം: ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ലെന്നും സര്‍ക്കാരിന്റെ മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആണ്‍കുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നല്‍കിയിരുന്നു.
മറ്റ് വിവരങ്ങള്‍ ലഭ്യമല്ലായെന്നും വിശദീകരണം നല്‍കി. ഈ സാഹചര്യത്തിലാണ് ദത്തുനല്‍കിയതിന്റെ വിശദാംശങ്ങള്‍ തേടി സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കിയത്. വേഗത്തില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.