കൊച്ചി: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ച് അമ്മ അനുപമ. ഹര്‍ജി പരിഗണിക്കവേ പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് കോടതി അഭിഭാഷകനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അനുപന ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായത്.
കുടുംബക്കോടതിയുടെ പരിഗണനയിലുളള കേസില്‍ ഇപ്പോള്‍ അടയിന്തര ഇടപെടല്‍ ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നിലവില്‍ അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും, ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിലെ അഞ്ചു പ്രതികള്‍ക്കും ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അനുപമയുടെ മാതാവ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കുഞ്ഞിനെ വ്യാജ രേഖകള്‍ ചമച്ച് ദത്തു നല്‍കിയെന്ന കേസിലാണ് ഇവര്‍ പ്രതികളായത്.
അനുപമയുടെ മാതാവ് സ്മിത ജെയിംസ്, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് അരുണ്‍, പിതാവിന്റെ സുഹൃത്തുക്കളായ രമേശ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ പ്രതിപ്പട്ടികയിലുള്ള അനുപമയുടെ പിതാവ് ജയചന്ദ്രന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.