കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നാം പ്രതി അനുപമയുടെ സമൂഹമാധ്യമ വിവരങ്ങളും ഇന്റര്‍നെറ്റ് ബ്രൗസിങ്ങും പൊലീസ് പരിശോധിക്കും. അനുപമയുടെ മുഴുവന്‍ ചാറ്റുകളും ഇതില്‍ ഉള്‍പ്പെടും. സംശയാസ്പദമായ സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.
ഇന്റര്‍നെറ്റില്‍ ഏത് വെബ്‌സൈറ്റ് ആണ് അധികം ഉപയോഗിച്ചതെന്നും ആരില്‍ നിന്നെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അനുപമയുടെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയില്‍ പൂര്‍ത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങളും കണ്ടെത്തി. കുളത്തുപ്പുഴ ഭാഗത്തു നിന്നാണ് നമ്പര്‍ പ്ലേറ്റിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.