കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാറിനൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ നടിമാരും. നടിമാരായ പാര്‍വ്വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെത്തി ‘അന്‍പോടു കൊച്ചി’യ്‌ക്കൊപ്പമാണ് താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
എല്ലാ ജില്ലകളിലെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് അന്‍പോടു കൊച്ചി എന്ന കൂട്ടായ്മയും സര്‍ക്കാറും. എറണാകുളം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നിന്നാണ് ശേഖരിച്ച സാധനങ്ങള്‍ പാക്കറ്റുകളിലാക്കി കയറ്റി അയക്കുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ ശേഖരിച്ച് കയറ്റി അയക്കുന്നത്.
അതേസമയം ,പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കുമെന്ന് പ്രഖ്യച്ചിരുന്നു. കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി രംഗത്തെത്തിയിരിക്കുന്നത്. തമിഴകത്തു നിന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷവും, നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി നടികര്‍ സംഘവും എത്തി.