ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്.
നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
‘മഹാനായ അരവിന്ദ് കെജ്രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധികപ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല.’എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസ്സമില്ലെന്ന് കെജ്രിവാള്‍ സര്‍ക്കാര്‍ അറിയിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. വ്യാപക വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
Mahashay @ArvindKejriwal ji.. aap ko kya kahein .. spineless toh compliment hai .. aap to ho hi nahin .. AAP to hai hi nahin .. कितने में बिके ? https://t.co/nSTfmm0H8r
— Anurag Kashyap (@anuragkashyap72) February 28, 2020
2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. കേസില്‍ കനയ്യ കുമാറിന് പുറമെ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. എന്നാല്‍ പിന്നീട് കനയ്യ കുമാര്‍ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തില്‍ വീഡിയോ ദൃശ്യം വ്യാജമാണെന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.