കാന്‍: 76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ പുതിയ ചലച്ചിത്രമായ കെന്നഡി പ്രിമീയര്‍ ചെയ്ത സന്തോഷത്തിലാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ഏഴ് മിനിറ്റ് നീണ്ട അഭിനന്ദന കരഘോഷം ഈ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കാനിലെ മിഡ് നൈറ്റ് പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വർഷം ഫെസ്റ്റിവലിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു കെന്നഡി.
അതേ സമയം കാനില്‍ നിന്നും കശ്യപ് നല്‍കിയ അഭിമുഖങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ടപ്പാട് അനുരാഗ് കശ്യപ് വ്യക്തമാക്കി.
“സത്യസന്ധമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. സിനിമ അരാഷ്ട്രീയമാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദി കേരള സ്റ്റോറി പോലെ പ്രൊപ്പഗണ്ട സിനിമകൾ ഒരുപാട് നിർമ്മിക്കപ്പെടുന്നു. ഇവ നിരോധിക്കുന്നതിനോട് ഞാൻ പൂർണ്ണമായും എതിരാണ്. പക്ഷേ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. അത് രാഷ്ട്രീയമാണ്. എന്നാല്‍ ഇതിനെതിര ഒരു ആന്റി പ്രൊപ്പഗണ്ട ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” അനുരാഗ് കശ്യപ് പറഞ്ഞു.
“ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു ആക്ടിവിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാൻ സിനിമ ചെയ്യുന്നു. എന്റെ സിനിമ യാഥാർത്ഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, അതിന്റെ രാഷ്ട്രീയം ആ സിനിമയ്ക്ക് ചുറ്റുമുള്ള ലോകത്തിന്റെ രാഷ്ട്രീയത്തിൽ നിന്നും, ആ ലോകത്തിന്റെ സത്യങ്ങളിൽ നിന്നും വസ്തുതകളിൽ നിന്നുമാണ് വരേണ്ടത് ” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് താങ്കള്‍ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും അനുരാഗ് കശ്യപ് ഉത്തരം നല്‍കി. “നിങ്ങൾ സത്യസന്ധനാണെങ്കിൽ നിങ്ങൾക്ക് കഴിയും. വസ്തുതാപരവും പക്ഷം പിടിക്കാത്തതുമായ ഒന്നും നിരോധിക്കാന്‍ അവർക്ക് കഴിയില്ല. എന്നാല്‍ പ്രൊപ്പഗണ്ടയ്ക്കെതിരെ മറ്റൊരു പ്രൊപ്പഗണ്ട എന്നത് സത്യസന്ധമല്ല, പക്ഷേ സത്യസന്ധമായി എടുക്കുന്ന ചലച്ചിത്രങ്ങളെ അവർക്ക് ചെറുക്കാൻ കഴിയില്ല” – അനുരാഗ് പറഞ്ഞു.