ഇന്ത്യയെമ്പാടും ആരാധകരുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്.നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും അഭിനന്ദനങ്ങള്‍ നേടാറുണ്ടെങ്കിലും അനുരാഗ് കശ്യപിന്റെ പല ചിത്രങ്ങളും ബോക്‌സോഫീസില്‍ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം.നാഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്‌ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. താന്‍ റിയലിസത്തിനൊപ്പമാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമകളേപ്പോലെയുള്ളവ ചെയ്യാന്‍ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
‘ഞാന്‍ ജനിച്ചത് തമിഴ്നാട്ടിലോ കേരളത്തിലോ ആണെങ്കില്‍, എന്റെ സിനിമ കൂടുതല്‍ ബോക്‌സോഫീസ് സൗഹൃദമാകുമായിരുന്നു, കാരണം അവര്‍ക്ക് അത്തരം പ്രേക്ഷകര്‍ ഉണ്ട്. എനിക്ക് എന്റെ സിനിമകള്‍ ഹിന്ദിയില്‍ മാത്രമേ ചെയ്യാനാവൂ. ഞാന്‍ ജനിച്ചത് ഉത്തര്‍പ്രദേശിലാണ്. അതുകൊണ്ട് നമുക്ക് ഒന്നും കൂടുതല്‍ ചെയ്യാന്‍ കഴിയില്ല.’ അനുരാഗ് കശ്യപിന്റെ വാക്കുകള്‍.
അമിതമായതെന്തും നല്ലതല്ലെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. സൂപ്പര്‍ ഹീറോ സിനിമകള്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് പോലെ ആക്ഷന്‍ ചിത്രങ്ങളുടെ ട്രെന്‍ഡ് എങ്ങനെ പോകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെന്‍ഡിനൊപ്പം നിന്ന് സ്വന്തം സിനിമ റിലീസ് ചെയ്യുന്നവരാണ് ഇതില്‍ നിന്ന് പ്രയോജനം നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ കസ്തൂരിയുമായി ബന്ധപ്പെട്ട പ്രചാരണത്തിരക്കുകളിലാണ് അനുരാഗ് ഇപ്പോള്‍. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത തീയറ്ററുകളില്‍ കസ്തൂരി ഉടന്‍ റിലീസ് ചെയ്യും. അതേസമയം കസ്തൂരിക്ക് മുമ്പ് അനുരാഗ് കശ്യപ് ചെയ്ത കെന്നഡി ഉടന്‍ തിയേറ്ററുകളിലെത്തും. നിരവധി ചലച്ചിത്രമേളകളില്‍ പ്രശംസ നേടിയ ഖ്യാതിയുമായാണ് ചിത്രമെത്തുന്നത്. സണ്ണി ലിയോണ്‍ ആണ് കെന്നഡിയില്‍ പ്രധാനവേഷത്തിലെത്തുന്നത്.