സംഘപരിവാറിന് അപ്രതീക്ഷിത പ്രഹരം നൽകി അനുശ്രീ

ബി.ജെ.പിയെ മാത്രമല്ല സകല സംഘപരിവാറുകരെയും അമ്പരിപ്പിച്ച നീക്കമാണ് നടി അനുശ്രീ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയിരിക്കുന്നത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച നടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാന്‍ കാരണമായതെന്നാണ് താരത്തിന്റെ വിശദീകരണം.

റിനോയ് വിജയിച്ചു കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബ സംഗമത്തില്‍ ഡി.സി.സി, കെ.പി.സി.സി. നേതാക്കള്‍ ഉള്‍പ്പെടെയാണ് പങ്കെടുത്തിരിക്കുന്നത്. സംഘപരിവാര്‍ അനുഭാവിയായി അറിയപ്പെടുന്ന അനുശ്രീ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇപ്പോള്‍ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്.

ബാലഗോകുലത്തിന്റെ ശോഭയാത്രയില്‍ അനുശ്രീ പങ്കെടുത്തതില്‍ അഭിമാനം കൊണ്ട പരിവാറുകാരാണ് ഇപ്പോള്‍ ആകെ നാണം കെട്ടിരിക്കുന്നത്. അതേസമയം അനുശ്രീയെ കിട്ടിയത് ലോട്ടറിയടിച്ചതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. അനുശ്രീയുടെ സെല്‍ഫികളും പ്രസംഗവുമെല്ലാം ചെന്നീര്‍ക്കരയില്‍ വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പില്‍ അനുശ്രീയെ പ്രചരണത്തിനിറക്കാനും കോണ്‍ഗ്രസ്സിന് പദ്ധതിയുണ്ട്.

അപകടം മുന്നില്‍ കണ്ട് താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വവും നടത്തി വരുന്നത്. നടന്‍മാരായ സിദ്ധിഖ്, സലിം കുമാര്‍, ജഗദീഷ്, ടിനി ടോം തുടങ്ങിയവരെ നിയമസഭ തിരഞ്ഞെടുപ്പ് കളത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. പ്രമുഖ സീരിയല്‍ താരങ്ങളെയും കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നുണ്ട്. സുരേഷ് ഗോപി ഉള്‍പ്പെടെ പ്രമുഖ താരങ്ങളെ ബി.ജെ.പിയും രംഗത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു ലിസ്റ്റ് തന്നെ കാവിപ്പട തയ്യാറാക്കി വച്ചിട്ടുണ്ട്.

രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍ മോഹല്‍ലാലിനെയും ബി.ജെ.പി പ്രചരണത്തിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ താരരാജാവ് ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയാകട്ടെ സി.പി.എം ആവശ്യപ്പെട്ടാല്‍ പ്രചരണ രംഗത്തിറങ്ങുമെന്ന നിലപാടിലുമാണ്. നിയമസഭ തിരഞ്ഞെടുപ്പിനെ താര പോരാട്ടമാക്കി മാറ്റാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.

Top