ഇത് നാടിന്റെ ആഘോഷമാണ്, രാഷ്ട്രീയം കലര്‍ത്തരുതെന്ന് അനുശ്രീ

സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ പരതുന്ന ആരാധകരുടെ എണ്ണം മലയാളികള്‍ക്കിടയില്‍ കൂടുതലാണ്. സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമിടയില്‍ ചില പൊടിപ്പും തൊങ്ങലുകളും ചേര്‍ത്തുവച്ച് വന്‍ വിവാദമാക്കുന്ന പാപ്പരാസികളുടെ എണ്ണവും കുറവല്ല.

ഇതെല്ലാം നന്നായി അറിയാവുന്ന താരമാണ് അനുശ്രീ. ഇത്തരക്കാര്‍ ഓരോ വിഷയത്തെയും എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ ഭാരതാംബയായി താന്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഫെയ്‌സ് ബുക്കില്‍ ലൈവില്‍ വന്ന് ഇക്കാര്യം വ്യക്തമാക്കിയ ശേഷമാണ് അനുശ്രീ ഘോഷയാത്രയില്‍ പങ്കടുത്തത്.

‘പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങള്‍ നാട്ടുകാരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. ഞങ്ങളും അതില്‍ പെട്ട ആള്‍ക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്’ എന്നാണ് അനുശ്രീ പറഞ്ഞത്.

കഴിഞ്ഞവര്‍ഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. അതിന് പിന്നാലെ വിവാദങ്ങളും മുളപൊട്ടി. അനുശ്രീയെ സംഘിയെന്നും ആര്‍.എസ്.എസ്‌കാരിയെന്നും മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ താരം തന്നെ അതിന് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ലെന്നും ബാലഗോകുലത്തില്‍ കുഞ്ഞുനാള്‍ മുതലേ പോകുന്നതാണെന്നും അനുശ്രീ പറഞ്ഞു.

Top