പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്‍വര്‍സാദത്ത് എം.എല്‍.എക്കെതിരെ തെളിവുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍.
അന്‍വര്‍ സാദത്ത് ആലുവയിലെ ജനപ്രതിനിധിയാണ്. ദിലീപുമായി കുട്ടിക്കാലം മുതലേ പരിചയമുള്ള വ്യക്തിയാണെന്നും ഹസന്‍ പറഞ്ഞു.
എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് യു.ഡി.എഫ് വിടുമെന്ന് കരുതുന്നില്ല. വാര്‍ത്തകളില്‍ കാണുന്ന പോലെ ഒന്നുമില്ലെന്നാണ് ജനതാദള്‍ യുനൈറ്റഡിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ അറിയിച്ചത്.
യു.ഡി.എഫില്‍ പരാതി പറഞ്ഞാല്‍ പരിഹരിക്കപ്പെടുന്നില്ലെന്ന ആരോപണം മുന്നണിയോഗത്തില്‍ ചര്‍ച്ചചെയ്തതാണ്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജെ.ഡി.യു നേതാക്കളായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നെഹ്‌റു കോളജ് ഉടമകളുമായി ചര്‍ച്ച ചെയ്ത സംഭവത്തില്‍ കെ. സുധാകരനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരന്റെ മറുപടി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ വ്യക്തമാക്കി.