ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടാല്‍ നേട്ടം പാക്കിസ്ഥാനാണെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ പാക്കിസ്ഥാനിലെ സുരക്ഷാ ഏജന്‍സികള്‍ ആക്രമണത്തെ കുറിച്ച് വിശകലനം ചെയ്യുകയും അതിലെ പഴുതുകള്‍ കണ്ടെത്തുകയും ചെയ്യും.
മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ രീതി അവര്‍ മനസ്സിലാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കരസേന ഇന്നലെ കേന്ദ്രസര്‍ക്കാരിനു കൈമാറിയിരുന്നു. വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. എന്നാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തണമോയെന്നു തീരുമാനിക്കേണ്ടതു പ്രധാനമന്ത്രിയാണ്.
ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍ അഭിപ്രായം ഇല്ലെന്നായിരുന്നു സൈന്യം അറിയിച്ചത്.