ഒരു നീണ്ട ലേഖനം വായിച്ചു നോക്കി അതിലെ സുപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ദീര്‍ഘ രചനകള്‍ ഒന്നു സംഗ്രഹിച്ചു കിട്ടിയാല്‍ അത്രയും സന്തോഷം. എന്നാല്‍ അത്തരമൊരു സാങ്കേതിക വിദ്യയും കണ്ടെത്തിക്കഴിഞ്ഞു. നിര്‍മിത ബുദ്ധിയില്‍ (എഐ) അസിസ്റ്റന്റുകളുടെ സേവനം തേടുക എന്നതാണ് പ്രധാന മാര്‍ഗ്ഗം. ഫ്രീയായി ഈ സേവനം നല്‍കുന്ന പ്രശസ്ത കമ്പനികളിലൊന്നായ ക്ലോഡ് എഐ (Claude AI) തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എഐയുടെ ശേഷി മനുഷ്യര്‍ക്ക് ഉപയോഗപ്രദമാകണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നായ ആന്ത്രോപിക് (Anthropic) ആണ് ക്ലോഡ് എഐക്കു പിന്നില്‍.
വലിയ പിഡിഎഫ് ഫയലുകളുടെ പോലും രത്നച്ചുരുക്കം നല്‍കാനുളള ശേഷിയാണ് ക്ലോഡ് എഐയെ വ്യത്യസ്തമാക്കുന്നത്. ഡോക്യുമെന്റിലെ ചില പ്രത്യേക ഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അതിന് ഉത്തരം നല്‍കാനാകും. പിഡിഎഫിനു പുറമെ, ഡോക്സ് (DOCX), സിഎസ്വി, ടെക്സ്റ്റ് (TXT) ഫയലുകളും അപ്ലോഡ് ചെയ്യാം.10എംബി വരെയുള്ള പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ടെക്സ്റ്റ് ആണെങ്കില്‍ 75,000 വാക്കുകളുടെ വരെ സംഗ്രഹം നല്‍കാനും സാധിക്കും. നെടുങ്കന്‍ ടെക്സ്റ്റുകള്‍ നേരിട്ടും പേസ്റ്റു ചെയ്തും സംഗ്രഹം നേടാം. തങ്ങളുടെ പരിമിതികളെക്കുറിച്ചും ക്ലൊഡ് എഐ പറയുന്നുണ്ട്. പ്രൊസസ് ചെയ്തു ലഭിക്കുന്ന സംഗ്രഹം എത്രമാത്രം വിശ്വസിക്കാമെന്നത് അതില്‍ നിന്നു മനസിലാക്കാം.
ബിസിനസ് സ്ഥാപനങ്ങള്‍ക്കും ക്ലൊഡിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പല കമ്പനികളും ഫ്രീക്വന്റ്ലി ആസ്‌ക്ഡ് ക്വെസ്ചന്‍സ് (FAQs) എന്ന പേരിലും ദൈര്‍ഘ്യമേറിയ ടെക്സ്റ്റ് ഇടും. ഇതിന്റെ സംഗ്രഹവും ചോദിക്കാം. സാങ്കേതികവിദ്യാപരവും, സാംസ്‌കാരികവും ആയ കാര്യങ്ങളെക്കുറിച്ചും ക്ലൊഡിനോട് ചോദിക്കാം. ഫോര്‍മാറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ ഓട്ടോമേറ്റു ചെയ്യാം. ബിസിനസ് സ്ഥാപനങ്ങളുടെ ഡേറ്റയ്ക്ക് സംരക്ഷണം നല്‍കുമെന്നും കമ്പനി പറയുന്നു. ക്ലോഡ്, ക്ലോഡ് ഇന്‍സ്റ്റന്റ് എന്നീ രണ്ടു സേവനങ്ങളാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. അതേസമയം, കമ്പനികളും മറ്റും ധാരാളം പ്രൊസസിങിനായി ഉപയോഗിച്ചാല്‍ പണം നല്‍കേണ്ടി വരും.
സേവനം ഉപയോഗിക്കുന്നത് ഇങ്ങനെ:-
ക്ലോഡ് (https://claude.ai/) വെബ്സൈറ്റില്‍ എത്തി ഇമെയില്‍ നല്‍കണം. അല്ലെങ്കില്‍ ഗൂഗിള്‍ വച്ചും ലോഗ്-ഇന്‍ ചെയ്യാം. തുടര്‍ന്ന് കമ്പനി അയയ്ക്കുന്ന ഇമെയില്‍ വേരിഫൈ ചെയ്യണം. അടുത്തതായി സ്വന്തം പേരു നല്‍കി അവരുടെ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സും സ്വകാര്യതാ നയവും അംഗീകരിക്കണം. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കിയുള്ള വേരിഫിക്കേഷനും നടത്തണം. ക്ലോഡ് എഐയുടെ ശേഷിയേയും പരിമിതിയേയും കുറിച്ച് കമ്പനി പറയുന്ന കാര്യങ്ങളും അംഗീകരിക്കണം. തുടര്‍ന്ന് ചാറ്റ്ബോക്സില്‍ ടെക്സ്റ്റ് പേസ്റ്റ് ചെയ്യാം. അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ് ഐക്കണില്‍ ക്ലിക്കു ചെയ്ത് പിഡിഎഫ് ഫയല്‍ അപ്ലോഡ് ചെയ്യാം. സമ്മറൈസ് പിഡിഎഫ് തുടങ്ങിയ കമാന്‍ഡുകളും ഒപ്പം നല്‍കുക. ഓണ്‍ലൈന്‍ സേവനമായതിനാല്‍, പ്രൊസസ് ചെയ്തു കിട്ടാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം.