കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.
അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാര്‍ട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അബ്ദുള്ളക്കുട്ടി വന്നത് കൊണ്ട് ബി.ജെ.പിക്ക് എത്ര മുസ്ലീംവോട്ടുകള്‍ ലഭിച്ചെന്ന് വോട്ട് എണ്ണുമ്പോള്‍ അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
താന്‍ കാലുമാറുന്ന ആളല്ല. കാഴ്ച്ചപ്പാട് മാറുന്നയാളാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. പദവി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.
ആത്മാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിന്റെയും ബഹുജനബന്ധത്തിന്റെയും പാരമ്പര്യമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമൂഹികക്ഷേമത്തിനും രാജ്യത്തെ സൂപ്പര്‍ പവറാക്കാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേര്‍ന്നത്.
മുന്‍ ഇടത് പക്ഷ പ്രവര്‍ത്തകനായ എ.പി.അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ. മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരില്‍നിന്ന് അദ്ദേഹം എം.പി.യായത്.മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍ സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
പിന്നീട് കോണ്‍ഗ്രസിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി 2011-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ച് എം.എല്‍.എ.യായി. അടുത്തിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തിയത്.