മോദിയുടെയും ഷായുടെയും ആശീര്‍വാദം, താമര വിരിയിക്കാന്‍ ഇനി അബ്ദുള്ളക്കുട്ടിയും

ണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് അത്ഭുതക്കുട്ടിയായ അബ്ദുള്ളക്കുട്ടി ബി.ജെ.പിക്ക് ഇനി അപമാനകുട്ടിയാകുമോ ? മോദി സ്തുതിയോടെ സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിക്ക് കാവി പരവതാനിയാണ് ബി.ജെ.പി വിരിച്ചിരിക്കുന്നത്. തങ്ങളെ വന്നു കണ്ട അബ്ദുള്ളക്കുട്ടിയോട് ബി.ജെ.പിയില്‍ ചേരാന്‍ സാക്ഷാല്‍ മോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇനി പട്ടാഭിഷേകം എന്നാണെന്ന് മാത്രമേ അറിയാനുള്ളൂ. അത് അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ചു. ഇതിനു ശേഷമായിരുന്നു ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത് തന്നെ നടക്കാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായിരിക്കുകയാണ്.

കെ.സുരേന്ദ്രന്‍ 89 വോട്ടിന് കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷയും വാനോളമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകുന്നതോടെ ആ വിഭാഗത്തിലെ വോട്ടും സമാഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ്സില്‍ അബ്ദുള്ളക്കുട്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മോദിയുടെ ഗുഡ് ലിസ്റ്റിലായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

മോദി സ്തുതിയെ തുടര്‍ന്ന് സി.പി.എം പുറത്താക്കിയ നാള്‍ മുതല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അബ്ദുള്ളക്കുട്ടിയെ ശ്രദ്ധിച്ചിരുന്നു. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് മുന്‍പ് ബി.ജെ.പി പ്രഖ്യാപിച്ചതും അബ്ദുള്ളക്കുട്ടി അടക്കമുള്ളവരെ മുന്നില്‍ കണ്ടായിരുന്നു. കെ.സുധാകരനും രാജ് മോഹന്‍ ഉണ്ണിത്താനം ഉള്‍പ്പെടെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്.

ഇവര്‍ രണ്ടുപേര്‍ക്കും ലോകസഭയിലേക്ക് സീറ്റുകള്‍ നല്‍കി തല്‍ക്കാലം ഭീഷണി കോണ്‍ഗ്രസ്സ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് ആന്ധ്രയിലെ ടി.ഡി.പി രാജ്യസഭാംഗങ്ങളെ കൂട്ടത്തോടെ ബി.ജെ.പി കൂറുമാറ്റിയ സാഹചര്യത്തില്‍. ഖദര്‍ എപ്പോള്‍ വേണമെങ്കിലും കാവിയണിയാമെന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്. പ്രത്യയശാസ്ത്രപരമായ കര്‍ക്കശ നിലപാട് കോണ്‍ഗ്രസ്സിന് ബി.ജെ.പിയുടെ കാര്യത്തില്‍ ഇല്ലാത്തതും നേതാക്കളുടെ കാവി പ്രേമത്തിന് പ്രധാന കാരണമാണ്.

ഏത് സംസ്ഥാനം എടുത്ത് പരിശോധിച്ചാലും അവിടെയെല്ലാം പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും കാവിയണിഞ്ഞ കാഴ്ച കാണാന്‍ സാധിക്കും. കേരളത്തില്‍ പോലും കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജി.രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പി പാളയത്തിലെത്തി. കോണ്‍ഗ്രസ്സിലെ ‘വമ്പന്‍ സ്രാവ് ‘ ഉടന്‍ കാവിക്കൊടി പിടിക്കും എന്ന ബി.ജെ.പി നേതൃത്വത്തിന്റെ അവകാശവാദം ഇപ്പോഴും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

അബ്ദുള്ളക്കുട്ടിയെ എന്തിനാണ് സി.പി.എം പുറത്താക്കിയത് എന്ന കാര്യം മുഖവിലയ്‌ക്കെടുക്കാതെ കോണ്‍ഗ്രസ്സ് അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കണ്ണൂരില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ച് എം.എല്‍.എയാക്കാന്‍ താല്‍പര്യമെടുത്തത് കെ. സുധാകരനും ഉമ്മന്‍ചാണ്ടിയുമായിരുന്നു. ഈ നടപടി തെറ്റായി പോയെന്നും സി.പി.എം ചെയ്തതാണ് ശരിയെന്നും വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വരെ ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗത്തിന് കോണ്‍ഗ്രസ്സ് നല്‍കിയ സമ്മാനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതി. ഒടുവില്‍ ഘടകകക്ഷികള്‍ കണ്ണുരുട്ടിയതോടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിന് പുറത്താക്കേണ്ടി വന്നിരുന്നത്.

കണ്ണൂര്‍ സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്ത് വന്നിരുന്നതും വ്യക്തി താല്‍പ്പര്യം മുന്‍നിര്‍ത്തി ആയിരുന്നു. അതല്ലാതെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കരുതിയായിരുന്നില്ല. അത്തരമൊരു ജാഗ്രത കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും അബ്ദുള്ളക്കുട്ടി ഖദര്‍ ധരിക്കില്ലായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.


കാര്യങ്ങള്‍ എന്തായാലും അബ്ദുള്ളക്കുട്ടിയും കാവി പുതയ്ക്കുന്നതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പില്‍ തീ പാറും. മത്സരിച്ചാലും ഇല്ലെങ്കിലും മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയാവും ബി.ജെ.പിയുടെ പ്രചരണം നയിക്കുക. അക്കാര്യം ഉറപ്പാണ്. അവസരവാദ രാഷ്ട്രീയം വീണ്ടും മഞ്ചേശ്വരത്തിന്റെ മണ്ണില്‍ കാവിപ്പടക്ക് തിരിച്ചടിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം യു.ഡി.എഫ് വോട്ട് ബാങ്ക് ചോര്‍ന്ന് സിറ്റിംഗ് സീറ്റ് കൈവിട്ട് പോകുമോ എന്ന ആശങ്ക മുസ്ലീം ലീഗിലും പ്രകടമാണ്. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിനും സുവര്‍ണ്ണാവസരാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Political Reporter

Top