ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയായ നടി റോജയെ നിയമസഭയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി ഹൈദരാബാദ് ഹൈക്കോടതി ശരിവച്ചു. കഴിഞ്ഞ ഡിസംബറിലാണ് സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സപീക്കര്‍ റോജയെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ സിംഗിള്‍ ബഞ്ചില്‍ നിന്ന് റോജ അനുകൂലവിധി സമ്പാദിച്ചിരുന്നെങ്കിലും ഡിവിഷന്‍ ബഞ്ച് സസ്‌പെന്‍ഷന്‍ ശരി വച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവരെ അസഭ്യം വിളിച്ചുവെന്നാണ് റോജക്കെതിരായ ആരോപണം. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സഭയിലെത്തിയ റോജയെ സുരക്ഷാജീവനക്കാര്‍ അകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് വൈ.എസ്.ആര്‍ എം.എല്‍.എമാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. നിയമസഭാ സെക്രട്ടറിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ലെജിസ്ലേച്ചറിന്റെ ഇത്തരമൊരു തീരുമാനത്തില്‍ ഇടപെടുന്നിതിന് ജുഡീഷ്യറിക്ക് പരിമിതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ പി.പി.റാവുവും ഇന്ദിരാ ജയ്‌സിംഗുമാണ് സര്‍ക്കാരിനും റോജക്കും വേണ്ടി ഹാജരായത്.