എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പണ്ഡിതനുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രഥമ ശിഷ്യനാണ്. മുസ്‌ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവമ്പൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിലെ ദീർഘ കാല പഠനത്തിനു ശേഷം തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ 1975 ൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മയ്യിത്ത് നിസ്കാരം കാലത്ത് 10 മണി വരെ കാരന്തൂർ മർക്കസിൽ വെച്ച് നടക്കും. ഖബറടക്കം വൈകീട്ട് നാലു മണിക്ക് കൊടുവള്ളിക്കുത്ത കരുവമ്പൊയിലിൽ.

Top