‘അപരാജിത’യില്‍ ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് മാത്രം ഇരുന്നൂറോളം പരാതികള്‍. ഏകദേശം 108 പരാതികള്‍ ഫോണിലൂടെ ലഭിച്ചപ്പോള്‍ 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ഉള്‍പ്പെടെ ആറു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനപീഡന പരാതികള്‍ അറിയിക്കാന്‍ സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിയെയും ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനത്തെയും സജ്ജമാക്കിയാതായി മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനാണ് ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനം സര്‍ക്കാര്‍ സജ്ജമാക്കിയത്. ഇത്തരം പരാതികളുള്ളവര്‍ക്ക് aparajitha.pol@kerala.gov.in  എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.

Top