കൊച്ചി : എറണാകുളം ജില്ലയിൽ രണ്ടു സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലത്തിന് പുറമെ മുവാറ്റുപുഴസീറ്റിലും ജോസഫ് ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. യുഡിഎഫിൽ ഇതിനായി സമ്മർദ്ദം ശക്തമാക്കാനാണ് ജോസഫ് ഗ്രൂപ്പിൻ്റെ നീക്കം. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് എറണാകുളം ജില്ലയിൽ കോതമംഗലം സീറ്റ് മാത്രം നൽകിയാൽ മതിയെന്നാണ് കോൺഗ്രസിലെ ഏകദേശധാരണ.
കോതമംഗലത്ത് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ഷിബു തെക്കുംപുറം യുഡിഎഫ് സ്ഥാനാർഥിയാകും. മുവാറ്റുപുഴ സീറ്റ് കൂടി ലഭിച്ചാൽ ഇവിടെ ഫ്രാൻസിസ് ജോർജിനെ കളത്തിലിറക്കാനാണ് ജോസഫ് ഗ്രൂപ്പിൻറെ നീക്കം. രണ്ടു സീറ്റുകളിലും ജോസഫ് ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.എന്നാൽ മുവാറ്റുപുഴ സീറ്റ് വിട്ടു നൽകേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. മുതിർന്ന കോൺഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ കരുത്തനുമായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ സീറ്റിനായി രംഗത്തുണ്ട്. മുവാറ്റുപുഴയിൽ ഇതിനകം ജോസഫ് വാഴക്കൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.