ന്യൂഡല്‍ഹി: ബീക്കണ്‍ ലൈറ്റ് നിരോധനത്തിലൂടെ വിഐപി സംസ്‌കാരത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ കര്‍ക്കശ നടപടികള്‍ക്കൊരുങ്ങുന്നതായി സൂചന.
രാജ്യത്ത് പൂര്‍ണ്ണമായും വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്.
എവിടെ ചെന്നാലും വിഐപികള്‍ക്ക് മാത്രമായി ലഭിക്കുന്ന പരിഗണന ഇനി വേണമോ എന്നതാണ് പ്രധാനമന്ത്രിയുടെ ചോദ്യം.
ബീക്കണ്‍ ലൈറ്റ് നിരോധനം റോഡിലെ വിഐപികളുടെ ‘പവര്‍ ‘ ഇല്ലാതാക്കുമെങ്കിലും മറ്റ് മേഖലകളില്‍ വിഐപികള്‍ ഇപ്പോഴും വിഐപികള്‍ തന്നെയാണ്.ഇത് കൂടി ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കം.
പകിട്ടിന് പൊലീസ്-കമാന്‍ഡോ സംരക്ഷണവുമായി നടക്കുന്നവര്‍ക്ക് ഇനി സൗകര്യം അനുവദിക്കരുതെന്നാണ് നിര്‍ദ്ദേശം.
ഇതിന്റെ ഭാഗമായി കേന്ദ്രസേനയുടെയും കമാന്‍ഡോകളുടെയും സംരക്ഷണമുള്ള വിഐപികളുടെ ലിസ്റ്റ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
പകിട്ടിന് കമാന്‍ഡോകളെ കൊണ്ടു നടക്കുന്നവര്‍ക്ക് ഇനി അതിനു കഴിയില്ല. ഭീഷണിയുള്ളവര്‍ക്ക് ഭീഷണിയുടെ ‘തോത് ‘ പരിശോധിച്ച ശേഷം മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കുകയുള്ളു.
ആവശ്യത്തില്‍ കൂടുതല്‍ ഒരാളെ പോലും അനുവദിക്കില്ല. കേരളത്തില്‍ വെള്ളാപ്പള്ളി നടേശന് നല്‍കിയ സി ആര്‍ പി എഫ് കമാന്‍ഡോകളുടെ എണ്ണം പോലും കുറക്കാനാണ് സാധ്യത.വെള്ളാപള്ളിക്ക് സുരക്ഷയുടെ ആവശ്യം ഉണ്ടോയെന്ന കാര്യത്തിലും രണ്ടഭിപ്രായമാണ്.
സംസ്ഥാന പൊലീസ് അനുവദിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തിലും സമാനമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടും നിര്‍ണ്ണായകമാകും. ഇങ്ങനെ കടുത്ത നിയന്ത്രണം കൊണ്ടുവന്നാല്‍ വലിയ സാമ്പത്തിക ലാഭവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകും.
വിഐപികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മറ്റ് സൗകര്യങ്ങള്‍ കൂടി ഒഴിവാക്കാനും പദ്ധതിയുണ്ട്.
യാത്രാപോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ലഭിക്കുന്ന മുന്‍ഗണന ഒഴികെ അനാവശ്യമായതിനെല്ലാം കൂച്ച് വിലങ്ങിടാനാണ് നീക്കം. ഇതിനായി ഒരു പെരുമാറ്റ ചട്ടം തന്നെ കൊണ്ടുവരാനും നീക്കമുണ്ട്.
ബീക്കണ്‍ തെറിച്ചതില്‍ അരിശം പൂണ്ട് നില്‍ക്കുന്ന ഐഎഎസുകാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും മറ്റ് വി ഐപികളും പുതിയ പരിഷ്‌ക്കാര നീക്കത്തോട് എങ്ങനെയാണ് പ്രതികരിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേ സമയം ബീക്കണ്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പരക്കെ പൊതു സമൂഹത്തിനിടയില്‍ സ്വാഗതം ചെയ്യപ്പെട്ടതിനാല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഐപി ചിന്താഗതികള്‍ ഉപേക്ഷിക്കണമെന്നും പുതിയ ഇന്ത്യയില്‍ വിഐപി അല്ല ഇപിഐയാണ് ശരിയെന്നും മോദി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഐപി എന്ന ചിന്താഗതി മാറ്റാനാണ് പൊതുസമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റുകള്‍ എടുത്ത് മാറ്റിയത്. ഇതു പോലെ എല്ലാവരുടെയും മനസ്സില്‍ നിന്നും വിഐപി ചിന്താഗതി മാറ്റണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.