പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയം ‘അപ്നാ ഘര്‍’ ജനുവരിയില്‍ തൊഴിലാളികള്‍ക്ക് കൈമാറുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കിറ്റ്കോ നവംബര്‍ അവസാനത്തോടെ പണി പൂര്‍ത്തിയാക്കി കെട്ടിടം തൊഴില്‍ വകുപ്പിന് കൈമാറുമെന്ന് ഉറപ്പു നലകിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സമാന രീതിയില്‍ ‘അപ്നാ ഘര്‍’ പാര്‍പ്പിട സമുച്ചയം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
44,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 640 തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അപ്നാ ഘര്‍ അഥവാ സ്വന്തം വീട് എന്നാണ് ഹോസ്റ്റലിന് പേരിട്ടിരിക്കുന്നത്. നാല്‍പത്തിനാലായിരം ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെട്ടിടം. ഒരു മുറിയില്‍ പത്ത് പേര്‍ക്ക് താമസിക്കാം. ഇങ്ങനെ 64 മുറികളാണുള്ളത് 32 അടുക്കളയും 96 ടോയ്‌ലറ്റുകളുമുണ്ട്. പത്ത് കോടിയാണ് പദ്ധതിയുടെ ചെലവ്.
തൊഴിലുടമകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ പരിശോധിച്ചാണ് പ്രവേശനം നല്‍കുക. താമസത്തിന് നിശ്ചിത തുക തൊഴിലുടമയില്‍ നിന്നും ഈടാക്കും.