മാലിദ്വീപ് ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമ പറയുന്നു:മുഹമ്മദ് നഷീദ്

ന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ മാലിദ്വീപ് ജനതയുടെ പേരില്‍ ഇന്ത്യയോട് മാപ്പറിയിച്ച് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. ഇന്ത്യയോട് മാലിദ്വീപിന്റെ പേരില്‍ ക്ഷമാപണം നടത്തുന്നതായും ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുടര്‍ന്നും മാലിദ്വീപ് സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ഉലച്ചില്‍ മാലിദ്വീപിനെ വലിയ തോതില്‍ ബാധിക്കുന്നതായും ഇന്ത്യയില്‍ തുടരുന്ന നഷീദ് പറഞ്ഞു.

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ മാലിദ്വീപുമായി ചൈന സൈനിക കരാര്‍ ഒപ്പുവച്ചിരുന്നു. കരാറുകളിലൊന്നിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നല്‍കുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഇതുവരെ സഹായത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മെയ് 10നകം എല്ലാ ഇന്ത്യന്‍ സൈനികരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇത്തരമൊരു പ്രസ്താവന മാലിദ്വീപ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ പോലും ഇന്ത്യ സംയമനം പാലിച്ചെന്നും യാതൊരുവിധ അധികാര പ്രയോഗത്തിനും മുതിരാതെ ഇന്ത്യ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സംസാരിക്കുകയായിരുന്നെന്നും മുഹമ്മദ് നഷീദ് ഇന്ത്യയില്‍ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുന്ന പുതിയ സഞ്ചാരികളെ മുന്‍പുണ്ടായിരുന്ന അതേ ഊഷ്മളതയോടെ തന്നെ വരവേല്‍ക്കുമെന്നും മുഹമ്മദ് നഷീദ് കൂട്ടിച്ചേര്‍ത്തു.

Top