കൂറുമാറ്റം തുടരുന്നു; അട്ടപ്പാടി മധു കേസിൽ ഒരാൾ കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറ്റം തുടരുന്നു. കേസിൽ ഒരാൾ കൂടി കൂറുമാറി. 19-ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. കേസിൽ ആകെ 122 സാക്ഷികളാണ് ആകെയുളളത്. ഇതിൽ 10 മുതൽ 19 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷിയായ സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു.

അതേസമയം, സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ ഭീഷണി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്‍റെ അമ്മയും സഹോദരിയും മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകി. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണം എന്നാണ് ആവശ്യം. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല. ഇതാണ് ഇന്നത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Top