തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്തവര്‍ക്ക് ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ എത്താന്‍ എസ്എംഎസ് വഴി നിര്‍ദേശം. മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെയാണ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിക്കുന്നത്.എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്ലെറ്റിന്റെ വിശദാംശങ്ങള്‍ അടക്കം എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നത്.
ബവ്‌റിജസ് കോര്‍പറേഷന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായി സ്ഥിരീകരണം ഇതു വരെ ലഭിക്കാത്ത സാഹചര്യത്തില്‍ ലഭിച്ച മറുപടിയിലെ യാഥാര്‍ഥ്യം അറിയാതെ കുഴയുകയാണ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവര്‍ക്ക് ബെവ്ക്യൂ ആപ്പ് വഴിയും അല്ലാത്തവര്‍ക്ക് എസ്എംഎസ് വഴിയും മദ്യം വാങ്ങാനുള്ള ടോക്കണ്‍ ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.
ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്ലേ സ്റ്റോറില്‍ എത്തിയിട്ടില്ല. എന്നാല്‍ എസ്എംഎസ് വഴി അപേക്ഷിച്ചവര്‍ക്ക് ഉടനടി മറുപടി ലഭിക്കുന്നുണ്ട്.
ചിലര്‍ക്ക് ടോക്കണ്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന മറുപടിയും ലഭിക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരോ എക്‌സൈസ് വകുപ്പോ ബവ്‌റിജസ് കോര്‍പറേഷനോ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതായി ഒരു പ്രഖ്യാപനവും നടത്താത്തതാണ് എല്ലാവരെയും കുഴക്കുന്നത്.