ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഏറെ ജനപ്രിയമായ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പായി മാറിയിരിക്കുകയാണ് സൂം. എന്നാല്‍ അടുത്തിടെ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും അതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന ആന്റി ചൈന വികാരവും സൂമിനെയും ബാധിച്ചു. ലോക്ക്‌ഡൌണ്‍ കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തിയ സൂമില്‍ നിന്നും വലിയ തോതില്‍ കൊഴിഞ്ഞുപോക്കുണ്ടായി എന്നതാണ് റിപ്പോര്‍ട്ട്.
സൂം ഒരു ചൈനീസ് ഉത്പന്നമാണ് എന്ന ധാരണയില്‍ നിന്നായിരുന്നു ഇത്. ഇപ്പോള്‍ ഇതാ ഈ കാര്യത്തില്‍ വ്യക്തതയുമായി സൂം തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നു. ഒരു ബ്ലോഗ് പോസ്റ്റിലൂടെ സൂം എഞ്ചിനീയറിംഗ് ആന്റ് പ്രോഡക്ട് പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ വേലച്ചാമി ശങ്കരലിംഗമാണ് സൂമിനെക്കുറിച്ച് വ്യക്തത വരുത്തുന്നത്.
ഇന്ത്യയില്‍ വീണ്ടും ഞങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നു. സൂമിനെക്കുറിച്ച് കുറച്ച് വസ്തുകള്‍ തീര്‍ച്ചയായും പങ്കുവയ്‌ക്കേണ്ടതുണ്ട്. പല കേട്ടുകേള്‍വികളും തെറ്റിദ്ധാരണകളും സൂം ആപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കണം. സൂം ചൈന ബന്ധമാണ് പ്രധാന തെറ്റിദ്ധാരണം.
സൂം ആതിന്റെ ഐഡന്റിറ്റി സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്.സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. NASDAQ വില്‍ പബ്ലിക്ക് ട്രേഡ് നടത്തുന്ന കമ്പനിയാണ്. കാലിഫോര്‍ണിയയിലെ സന്‍ ജോസിലാണ് സൂമിന്റെ ആസ്ഥാനം. സൂമിന് ചൈനയില്‍ ഒരു ഓഫീസുണ്ട്. യുഎസിലെ മാതൃകമ്പനിയുടെ ഉപവിഭാഗം മാത്രമാണ് അത്- വേലച്ചാമി ശങ്കരലിംഗം തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.സൂമിന് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളും, തൊഴിലുകള്‍ നല്‍കാനും ആലോചനകള്‍ ഉണ്ടെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട്അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളില്‍ പങ്കാളികളാകുവാന്‍ സൂം മാസങ്ങളായി തയ്യാറെടുക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ് സൂമിന്, അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് ശ്രദ്ധേയമായ നിക്ഷേപം സൂം നടത്തും.