ആപ്പിൾ ജീവനക്കാർ ഓഫീസിൽ എഐ ടൂളായ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് കമ്പനി നിരോധിച്ചു. ചാറ്റ്ജിപിടിയുടെ ആദ്യത്തെ മൊബൈൽ ആപ് ആപ്പിൾ ആപ് സ്റ്റോറിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം ജീവനക്കാർ സേവനം ഉപയോഗിക്കുന്നത് കമ്പനി വിലക്കിയത്. തന്ത്രപ്രധാനമായ വിവരങ്ങൾ ജീവനക്കാർ പങ്കിടാനുള്ള സാധ്യത വിലയിരുത്തിയാണ് ഉപയോഗം പൂർണമായി വിലക്കിയതെന്നാണ് റിപ്പോർട്ട്. ഓട്ടോമാറ്റിക് കോഡിങ് സംവിധാനമായ കോ–പൈലറ്റിനും വിലക്കുണ്ട് ആമസോൺ സാംസങ്, ഗൂഗിൾ എന്നീ കമ്പനികളും ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
മുൻ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി പുതിയ കാര്യങ്ങൾ പഠിക്കുന്ന ചാറ്റ് ജിപിടി വിവരങ്ങൾ ഉറപ്പായും ശേഖരിക്കുന്നുണ്ട് എന്നതുതന്നെയാണ് വിലക്കിനു കാരണമെന്ന് റിപ്പോർട്ട്. കോഡിങ് മെച്ചപ്പെടുത്തൽ, പുതിയ ആശയങ്ങൾ തേടൽ എന്നിവയ്ക്കായി ചാറ്റ് ജിപിടി (ChatGPT) ഉപയോഗിക്കുമ്പോൾ, ജീവനക്കാർ രഹസ്യ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ സിസ്റ്റത്തിലേക്ക് നൽകുമെന്ന് ആശങ്കപ്പെടുകയാണ് കമ്പനികൾ. എന്നാൽ സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന കമ്പനികളുമാണ് നിരോധനം ഏർപ്പെടുത്തിയതെന്നുള്ളത് രസകരമായ വസ്തുതയാണ്.