വിതരണ നയം ലംഘിച്ചു; ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി

സുപ്രധാന ആപ്പ് ഡെവലപ്പ്മെന്റ് ടൂളുകളില്‍ നിന്നും ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍. ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

ആപ്പിളിന്റെ ആപ്പ് വിതരണ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്സ്ബുക്കിനും 24 മണിക്കൂര്‍ നേരത്തേക്ക് ഇതേ രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ തിരിച്ചെത്തിയതായാണ് വിവരം.

എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ നിര്‍മിച്ച സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനുള്ളതായിരുന്നു. ഫെയ്സബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും സമാനമായ വിവരശേഖരണങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫെയ്സ്ബുക്കിനും ഗൂഗിളിനും എതിരെ നടപടി സ്വീകരിച്ചത്.

മുന്‍നിര സ്ഥാപനങ്ങളായ ഗൂഗിളിനും പെയ്സ്ബുക്കിനും എതിരെ പോലും നടപടി സ്വീകരിച്ചതിലൂടെ മറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന തെളിവുകളുണ്ട്. ആമസോണ്‍ പോലുള്ള കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി ആപ്പിള്‍ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്.

Top