apple iphone – se iphone

ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലായ എസ്ഇ യ്ക്ക് പോരായ്മകളുണ്ടെന്ന് പരാതി. ആപ്പിളിന്റെ 4 ഇഞ്ച് ഫോണായ ഐഫോണ്‍ എസ്ഇ ആദ്യം സ്വന്തമാക്കിയവര്‍ ആപ്പിള്‍ ഫോറങ്ങളിലും സോഷ്യല്‍ മീഡിയയിലും ഫോണിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്ലൂടൂത്ത് ഒഡിയോ കണ്ടക്റ്റിവിറ്റിയിലാണ് ഇവര്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവരില്‍ മിക്കവരും ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായോ വാഹനത്തിലെ ഹാന്‍ഡ്‌സ്ഫ്രീയുമായോ ഫോണിന്റെ ഒഡിയോ പെയര്‍ ചെയ്തപ്പോഴാണ് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഫോണ്‍ കാളുകളിലും ജിപിഎസ് നാവിഗേഷന്‍ നിര്‍ദ്ദേശങ്ങളിലും ശബ്ദത്തിന്റെ മോശം ക്വാളിറ്റി അരോചകമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഫോണില്‍ സംഗീതം പ്ലേ ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തില്‍ ഒരു പരിഹാര നിര്‍ദ്ദേശം ആപ്പിളിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബ്ലൂടൂത്ത് ഒഡിയോ പെയറിംഗ് ബഗ് 9.3 അല്ലെങ്കില്‍ 9.3.1 ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ഐഫോണ്‍ എസ് ഇ മോഡലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, സ്വീഡന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ വിപണിയിലെത്തിയ ഫോണുകളിലാണ് പ്രധാനമായും ഈ തകരാറ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഐഒഎസ് 9.3.2 ബീറ്റാ വെര്‍ഷനില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട സോഫ്റ്റ്വെയര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അമേരിക്കയില്‍ മാര്‍ച്ച് 31 നു അവതരിപ്പിച്ച ഐഫോണ്‍ SE ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1.85 ജിഗാഹെട്‌സ് വേഗത നല്‍കുന്ന ഡ്യുവല്‍ കോര്‍ എ 9 പ്രോസസറാണ് ഐഫോണ്‍ എസ്ഇക്ക് കരുത്തേകുന്നത്; മോഷന്‍ കോ പ്രോസസറായ എം 9 ഈ ഫോണിനു മതിയായ ഗെയിമിംഗ് വേഗത നല്‍കുന്നു.

ഇന്ത്യയിലെ വില്‍പന വിലയേക്കാള്‍ 40 ശതമാനം വിലകുറവിലാണ് അമേരിക്കന്‍ വിപണിയില്‍ ഐഫോണ്‍ SE യുടെ വില്‍പന. ഐഫോണ്‍ 5 എസിന് സമാനമായ രൂപകല്‍പ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാള്‍ മികച്ച ഹാര്‍ഡ് വെയറാണുള്ളത്.

വരുംകാല ഐഫോണുകളുടെ പ്രത്യേകതയെന്ന് അപ്പിള്‍ ഏറെ പ്രാധാന്യത്തോടെ വിശേഷിപ്പിക്കുന്ന ത്രിഡി ടച്ച് ഫീച്ചര്‍ ഇല്ലാതെയാണ് ഐഫോണ്‍ എസ്ഇ പുറത്തിറക്കിയിരിക്കുന്നത്.

ഈ സൗകര്യം ഉപേക്ഷിച്ചത് വില കുറക്കാനാണെന്നു കരുതിയിരുന്നുവെങ്കിലും 39,0000 രൂപ എന്ന ഉയര്‍ന്ന വിലയുമായി എത്തിയ ഫോണില്‍ ത്രിഡി ടച്ച് ഇല്ലാത്തതും, പ്രതീക്ഷിച്ചതിലും കുറഞ്ഞ സംഭരണ ശേഷി ഉള്‍പ്പെടുത്തിയതും ഇന്ത്യയില്‍ ഈ ഫോണ്‍ ഏറെ വാങ്ങാന്‍ പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശപ്പെടുത്തി.

Top