ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി അടിയന്തര ഐഒഎസ് അപ്ഡേറ്റുമായി ആപ്പിള്‍ രംഗത്ത്. iOS 14.4.2 എന്ന അപ്ഡേറ്റ് ആപ്പിളിന്‍റെ വെബ് കിറ്റ് ബ്രൌസര്‍ എഞ്ചിന്‍റെ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ്. അടുത്തിടെ ഇത് സംബന്ധിച്ച ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തന്നെ വ്യക്തമായിരുന്നു.
ഐഒഎസ് 14.4.2 പതിപ്പിന് മുന്‍പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലാണ് ഈ പ്രശ്നം കാണപ്പെടുക. ഈ സുരക്ഷ പ്രശ്നം ഇതിനകം തന്നെ ചിലര്‍ മുതലെടുത്തിരിക്കാം എന്ന സംശയവും സൈബര്‍ ലോകത്തെ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. വളരെ ഗൌരവത്തോടെയാണ് ആപ്പിള്‍ ഈ വിഷയത്തെ കാണുന്നത് എന്നതാണ് ഐഒഎസ് 12 അപ്ഡേറ്റും പുറത്തിറക്കിയതിലൂടെ ആപ്പിള്‍ വ്യക്തമാക്കുന്നത്.
ഐഒഎസ് 12 ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ 5എസ് എന്നീ ഫോണുകള്‍ക്കായി iOS 12.5.2 എന്ന അപ്ഡേറ്റ് പുറത്തിറക്കിയതോടെയാണ് സംഭവം ആപ്പിള്‍ ഗൌരവമായി കാണുന്നത് എന്ന് വ്യക്തമായത്. നേരത്തെ വന്ന ആപ്പിള്‍ ഐഫോണ്‍ അപ്ഡേറ്റ് ചിലര്‍ക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിനാല്‍ പുതിയ അപ്ഡേറ്റ് ആരും നിരസിക്കരുതെന്നും. പുതിയ അപ്ഡേറ്റ് തീര്‍ത്തും സെക്യൂരിറ്റി അപ്ഡേറ്റാണെന്നും ടെക് വിദഗ്ധര്‍ ചില ആപ്പിള്‍ ഫോറങ്ങളില്‍ അഭിപ്രായപ്പെടുന്നുണ്ട്.