ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിള്‍ നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. നിയമനം കുറച്ച് ചെലവ് നിയന്ത്രിക്കുകയെന്ന ടെക് ഭീമന്റെ തീരുമാനം കമ്പനിയിലെ മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കാന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി ജീവനക്കാരെ നിയമിക്കുകയായിരുന്ന കമ്പനി സമീപകാലയളവില്‍ ഇതാദ്യമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ആപ്പിളിന്റെ നിലവിലെ ബിസിനസ് ആവശ്യങ്ങള്‍ പരിഗണിച്ചാണ് നീക്കമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടീം കുക്ക് സ്ഥിരീകരിച്ചു.
ടെക് ഭീമനായ ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സായ കുപ്പര്‍ത്തീനോയെ സംബന്ധിച്ചെടുത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം അസാധാരണമായാണ് വിലയിരുത്തുന്നത്. 1,50,000 പേരോളമാണ് ഇവിടെ ജോലി ചെയ്യുന്നത്.
എന്നാല്‍ സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്‌ല, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണംകുറച്ചിരുന്നു.
ഇതിനുമുമ്പ് 2019ല്‍ അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരുകൂട്ടം കരാര്‍ തൊഴിലാളികളെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു.