ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ബിസിനസ്സ് ഇന്ത്യയില്‍ നടത്താനൊരുങ്ങി ആപ്പിള്‍

ന്യൂഡല്‍ഹി : ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ബിസിനസ്സ് ഇന്ത്യയില്‍ നടത്താനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. സ്മാര്‍ട്ട് ഫോണ്‍ ബിസിസ്സിന്റെ അഞ്ചിലൊന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ആലോചിക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുമായി ആപ്പിള്‍ ചര്‍ച്ച നടത്തുകയാണ്.

ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് നിര്‍മ്മാണമാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

നേരത്തെ പല വന്‍കിട നിര്‍മ്മാതാക്കളും ചൈന വിട്ട് ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനിടയില്‍ ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റുന്നത് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ആപ്പിളിന്റെ എക്‌സിക്യൂട്ടീവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.

ആപ്പിളിനു പുറമേ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവയുടെ എകസ്‌ക്യൂട്ടീവുകളുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് രാജ്യങ്ങള്‍ വിട്ട് ഇന്ത്യയില്‍ ഉത്പാദം ആരംഭിക്കുന്ന കമ്പനികളെ സ്വാഗതം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Top