ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെക്നോളജി ഭീമനും ഐഫോണ്‍ നിര്‍മ്മാതാക്കളുമായ ആപ്പിള്‍ ഒരുലക്ഷം കോടി ഡോളര്‍ (ഏകദേശം 68 ലക്ഷം കോടി രൂപ) മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ ‘പബ്‌ളിക്’ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വാരാന്ത്യ വ്യാപാരത്തില്‍ ഓഹരിയൊന്നിന് വില 5.89 ഡോളര്‍ ഉയര്‍ന്ന് 207.39 ഡോളറില്‍ എത്തിയതോടെയാണ് ഈ നേട്ടം.
2018ല്‍ ഇതുവരെ ആപ്പിള്‍ ഓഹരികളിലുണ്ടായ കുതിപ്പ് 22.5 ശതമാനമാണ്. ഇക്കാലയളവില്‍ അമേരിക്കന്‍ ഓഹരി വിപണി കുറിച്ച വളര്‍ച്ച അഞ്ച് ശതമാനം മാത്രം. വിപണിയിലെത്തി ആദ്യവര്‍ഷം 14 ലക്ഷം ഐഫോണുകളാണ് വിറ്റുപോയത്. ഈവര്‍ഷം ഏപ്രില്‍-ജൂണില്‍ നാല് കോടിയിലേറെ ഐഫോണുകള്‍ വിറ്റഴിഞ്ഞു. 21.6 കോടി ഫോണുകളാണ് 2017ലെ വില്പന.
ചൈനീസ് കമ്പനിയായ പെട്രോചൈനയുടെ മൂല്യം 2007ല്‍ ഒരു ലക്ഷം കോടി ഡോളര്‍ കടന്നിരുന്നു. എന്നാല്‍, പിന്നീട് മൂല്യം വെറും 26,000 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള സൗദി ആരാംകോയുടെ മൂല്യം രണ്ട് ലക്ഷം കോടി ഡോളറാണ്. പക്ഷേ, ആരാംകോ ഇനിയും ഓഹരി വിപണിയില്‍ പ്രവേശിച്ചിട്ടില്ല.
ആപ്പിളിന്റെ മൊത്തം മൂല്യം വെറും 16 രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ മാത്രം പിന്നിലാണ്. 1.3 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയുള്ള ഓസ്ട്രേലിയ മുതല്‍ 19 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയുള്ള അമേരിക്ക വരെ ഈ പതിനാറ് പേരില്‍ ഉള്‍പ്പെടുന്നു. 2.6 ലക്ഷം കോടി ഡോളറുമായി ഇന്ത്യയും പട്ടികയിലുണ്ട്.
കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ 1976ലാണ് ആപ്പിളിന്റെ പിറവി. സ്റ്റീവ് ജോബ്‌സും സ്റ്രീവ് വോസ്‌നിയാക്കും ചേര്‍ന്ന് തുടക്കമിട്ട കമ്പനി 1980ല്‍ ഓഹരി വിപണിയിലേക്ക് ചുവടുവച്ചു. ‘തിങ്ക് ഡിഫറന്റ്’ എന്ന പേരില്‍ ജോബ്‌സ് തുടക്കമിട്ട കമ്പയിനാണ് ആപ്പിളിനെ ലോകത്തെ ഏറ്റവും വിജയകരമായ കമ്പനിയായി വളര്‍ത്തിയത്. 2011ല്‍ സ്റ്രീവ് ജോബ്‌സ് അന്തരിച്ചു.